തിരുവനന്തപുരം: സംസ്ഥാനത്തു പകർച്ചവ്യാധികൾ പടരുന്നതും മരണങ്ങളുണ്ടാകുന്നതും തടയാൻ ഉന്നതാധികാര സമിതി രൂപവത്കരിച്ച് ആരോഗ്യവകുപ്പ്. സർക്കാർ മേഖലയിൽനിന്നു പുറമേ സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാരെയും സംഘടനകളെയും ഉൾപ്പെടുത്തിയാണ് ഉന്നതാധികാര സമിതി (ഹൈപവർ കമ്മിറ്റി) രൂപവത്കരിച്ചത്.
ലോകാരോഗ്യ സംഘടനയുടെ കണ്‍സൾട്ടന്റായ ഡോ. എസ്.എസ്. ലാൽ ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററും ഡോ. ശ്രീജിത്ത് എൻ. കുമാർ കണ്വീനറുമായാണു ഉന്നതാധികാര സമിതി രൂപവത്കരിച്ചത്.
പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും സംസ്ഥാനത്തു വർധിക്കുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം കുറയ്ക്കാനും മരണങ്ങൾ ഇല്ലാതാക്കാനും താഴേ തലം മുതൽ സ്വീകരിക്കേണ്ട നടപടികൾ പഠിച്ചു റിപ്പോർട്ട് നൽകുകയാണു സമിതിയുടെ ചുമതല.
നിപ, ഷിഗെല്ല, എലിപ്പനി, മലന്പനി, ഡെങ്കിപ്പനി, അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങിയ വിവിധ പകർച്ചവ്യാധികൾ ഓരോ വർഷവും വിവിധ മാസങ്ങളിൽ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പഴുതടച്ചുള്ള പ്രതിരോധമാണു ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കമ്മിറ്റിയുടെ മേൽനോട്ടത്തിൽ എപ്പിഡമിക് കലണ്ടർ തയാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ചിട്ടയായി താഴേ തലത്തിൽ നടപ്പാക്കും. ഇതിനായി സംസ്ഥാന ജില്ലാ തലങ്ങളിൽ ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റും ആക്ഷൻ കമ്മിറ്റികളും സമിതിയുടെ ഭാഗമായുണ്ടാകും.
ആരോഗ്യവകുപ്പിനു പുറമേ ആയുഷ്, തദ്ദേശം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷാ തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും സമിതിയിലുണ്ടാകും. ഐഎംഎയുടെയും ആരോഗ്യവകുപ്പിലെ വിവിധ സംഘടനകളുടെയും പൂർണ പങ്കാളിത്തവും സമിതിയിലുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.